Header Ads

  • Breaking News

    നൂറു രൂപയുടെ ''ഹജ്ജ് നോട്ട്'' 56 ലക്ഷത്തിന് ലേലത്തില്‍ പോയി; 1950കളില്‍ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ബാങ്ക് അച്ചടിച്ച നോട്ടുകളില്‍ ഒന്നാണിത്

    ലണ്ടന്‍: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി 1950കളില്‍ റിസര്‍വ് ബാങ്ക് ഇറക്കിയ 100 രൂപയുടെ പ്രത്യേക ''ഹജ്ജ് നോട്ട്'' 56 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയി. എച്ച്എ 078400 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ടാണ് ഇത്രയും വലിയ തുകയ്ക്ക് ലേലത്തില്‍ പോയിരിക്കുന്നത്. ഹജ്ജിന് അറേബ്യയില്‍ പോവുന്നവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ നോട്ടാണിത്. നോട്ടിന്റെ സീരിയല്‍ നമ്പറിലെ HA എന്ന ഭാഗം വച്ചാണ് ഈ നോട്ടിനെ തിരിച്ചറിയുക. കൂടാതെ ഇതിന് പ്രത്യേക നിറവുമുണ്ടായിരുന്നു. ഇന്ത്യയുടെ ആറാമത് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന എച്ച് വി ആര്‍ അയ്യങ്കാര്‍ (1957-62) ആണ് ഈ നോട്ടില്‍ ഒപ്പിട്ടിരിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അക്കാലത്ത് നൂറു രൂപ വലിയ തുകയായിരുന്നതിനാല്‍ പത്ത് രൂപയുടെ ഹജ്ജ് നോട്ടുകളും ഇറക്കിയിരുന്നു.

    യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഈ നോട്ട് വിനിമയത്തിന് ഉപയോഗിക്കാമായിരുന്നു. എന്നാല്‍, ഇന്ത്യക്ക് അകത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല. ബോംബൈയില്‍ ഇവയെ സാധാരണ കറന്‍സിയായോ പൗണ്ട് സ്റ്റെര്‍ലിങ് ആയോ മാറ്റാമായിരുന്നു. 1961 വരെ ഇന്ത്യന്‍ കറന്‍സിയാണ് കുവൈത്ത് ഉപയോഗിച്ചിരുന്നത്. 1961ല്‍ കുവൈത്ത് സ്വന്തം കറന്‍സി തയ്യാറാക്കിയതോടെ ഹജ്ജ് നോട്ടിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു തുടങ്ങി. മറ്റു ഗള്‍ഫ് രാജ്യങ്ങളും സ്വന്തം കറന്‍സികള്‍ തയ്യാറാക്കി തുടങ്ങിയതോടെ ഹജ്ജ് നോട്ടിന്റെ ആവശ്യം കുറഞ്ഞു. 1970കളോട് അച്ചടി പൂര്‍ണമായും ഇല്ലാതായെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

    ഹജ്ജ് നോട്ടിനൊപ്പം സ്വാതന്ത്ര്യത്തിന് മുമ്പുള്ള പത്ത് രൂപയുടെ രണ്ടു നോട്ടുകളും ലണ്ടനില്‍ നടന്ന ലേലത്തില്‍ വിറ്റുപോയിട്ടുണ്ട്.

    ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ 1918ല്‍ അച്ചടച്ച നോട്ടുകളാണ് ഇവ. ഒരു നോട്ട് 6.90 ലക്ഷം രൂപയ്ക്കും മറ്റൊരെണ്ണം 5.80 ലക്ഷം രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.

    No comments

    Post Top Ad

    Post Bottom Ad