Header Ads

  • Breaking News

    പെരിയ ഇരട്ടക്കൊല: മുൻ എം.എൽ.എ ഉൾപ്പെടെ പ്രതികളുടെ ശിക്ഷാവിധി നാളെ

    കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവരെ രാഷ്ട്രീയവൈരാഗ്യം മൂലം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്ക് വെള്ളിയാഴ്ച ശിക്ഷ വിധിക്കും. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തിൽ സി.പി.എം ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഡി.വൈ.എഫ്.ഐ. നേതാവ് കെ. മണികണ്ഠൻ, പാക്കം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങിയവരാണ് കുറ്റക്കാർ.ഒന്നാം പ്രതിയും പാക്കം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ എ. പീതാംബരൻ, രണ്ടാം പ്രതി പീതാംബരന്‍റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനിൽകുമാർ, അഞ്ചാം പ്രതി ജിജിൻ, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിൻ, എട്ടാം പ്രതി സുബിൻ, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥൻ കുറ്റക്കാരായി കണ്ടെത്തിയത്. ഒന്നുമുതൽ എട്ടുവരെ പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തിയിരുന്നു. വിചാരണ നേരിട്ട 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.കെ. മണികണ്ഠൻ 14ാം പ്രതിയും രാഘവൻ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനിൽനിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുൻ എം.എൽ.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾക്ക് വിചാരണ നേരിട്ട മുരളി, കുട്ടൻ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, ശാസ്ത മധു എന്ന എ. മധു, റജി വർഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാർ, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബം ആവശ്യപ്പെട്ടു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയതെന്ന് ശരത് ലാലിന്‍റെ അമ്മ ലത പ്രതികരിച്ചു. കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്‍റെ മാതാവ് ബാലാമണി പറഞ്ഞു. മുഴുവൻ പ്രതികൾക്കും ശിക്ഷ ഉറപ്പാക്കുംവരെ നിയമപോരാട്ടം തുടരുമെന്ന് ശരത് ലാലിന്‍റെ പിതാവ് പറഞ്ഞു2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad