നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയില്‍; ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു; ശാസ്ത്രീയ പരിശോധനയിലേക്ക് പൊലീസ്, പോസ്റ്റ്‌മോര്‍ട്ടത്തിന് മാറ്റി
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്തു. വലിയ രീതിയില്‍ ജീര്‍ണിച്ച നിലയിലല്ല മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം അഴുകിയ നിലയിലാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാല്‍ ഫോറന്‍സിക് സര്‍ജന്‍ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ അഴുകിയിട്ടില്ലാത്തതിനാല്‍ ഫോറന്‍സിക് സംഘം മടങ്ങി. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണ്.
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചത്.
No comments
Post a Comment