Header Ads

  • Breaking News

    ഗോപന്‍ സ്വാമിയുടെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്



    നെയ്യാറ്റിന്‍കര: ഗോപന്റെ മരണത്തില്‍ അന്വേഷണം തുടരാന്‍ പൊലീസ്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിനുശേഷം ആയിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത ഇല്ലെങ്കിലും ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നാല്‍ മാത്രമേ ഇത് ഉറപ്പിക്കാന്‍ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. കുടുംബത്തിന്റെ മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ വീണ്ടും മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

    അതേസമയം നെയ്യാറ്റിന്‍കരയില്‍ സമാധിയായ ഗോപന്‍ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്‌കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകള്‍ നടത്തിയാണ് മൃതദേഹം സംസ്‌കരിച്ചത്. ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയില്‍ എത്തിച്ചത്.

    കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കാന്‍ പൊളിച്ചു മാറ്റിയ കല്ലറയ്ക്ക് പകരം വിശാലമായ കല്ലറയാണ് ഒരുക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം നാമജപയാത്രയായി സംസ്‌കരിക്കുന്ന സ്ഥലത്തേക്കെത്തിച്ചു. പൂര്‍ണമായ ഹൈന്ദവാചാര പ്രകാരമുള്ള സമാധിയായിട്ടായിരുന്നു സംസ്‌കാരം നടന്നത്.

    ചെങ്കല്‍ ക്ഷേത്രത്തിലെ സന്യാസിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. VSDP, ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നാണ് രണ്ടാമത്തെ സംസ്‌കാരം വിപുലമാക്കിയത്.

    അതേസമയം, കേസിലെ ദുരൂഹത മാറ്റാനുള്ള പൊലീസ് അന്വേഷണം തുടരും. വരും ദിവസങ്ങളില്‍ കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്യും. ആദ്യ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായിരുന്നവരുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതും പരിശോധിക്കും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.


    No comments

    Post Top Ad

    Post Bottom Ad