Header Ads

  • Breaking News

    പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്‍


    ചെന്നൈ: പതിനാലുകാരിയുടെ കാമുകനെ കുത്തിക്കൊന്ന് പെണ്‍കുട്ടിയുടെ ബന്ധുവായ പതിനേഴുകാരന്‍. തമിഴ്‌നാട് ശിവകാശിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയായ വീരമാണിക്യത്തിനെയാണ് കൊലപ്പെടുത്തിയത്. യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരുദുനഗര്‍ ശിവകാശി തിരുത്തംഗലിലെ കണ്ണഗി കോളനിയിലുള്ള 19കാരന്‍ എം.വീരമാണിക്യവും നാട്ടുകാരിയായ 14 കാരിയും ഒരു വര്‍ഷം മുന്‍പാണ് പ്രണയത്തിലായത്.

    സത്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വീരമാണിക്യം. ഇരുവര്‍ക്കുമിടയിലെ അടുപ്പം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്ഷുഭിതരായി. കുട്ടിയുടെ ബന്ധുവായ 17കാരന്‍ പലവട്ടം വീരമാണിക്യവുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വീരമാണിക്യത്തെ ഫോണില്‍ വിളിച്ച പ്രതി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി സമീപത്തുള്ള മൃഗാശുപത്രിയുടെ പരിസരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടു. രാത്രി സ്ഥലത്തെത്തിയ വീരമാണിക്യത്തെ കൈയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് 17 കാരന്‍ കുത്തിവീഴ്ത്തി. നെഞ്ചിലും വയറിലും സാരമായി കുത്തേറ്റ വീരമാണിക്യത്തെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞതിന് പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad