നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു
മുംബൈ :
മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ നിന്നാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.
വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേൽപ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങൾ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്
മുഹമ്മദ് ഇസ്‌ലാം എന്ന ബംഗ്ലാദേശ് വംശജനാണ് പ്രതി. 30 കാരനായ ഇയാൾ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാൾ മുംബൈയിൽ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഗൂഗിൾ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. വോർളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളിൽ നിന്ന് പ്രതി പറാത്തയും ഒരു കുപ്പിവെള്ളവും വാങ്ങാനായി ഗൂഗിൾ പേ (ജി പേ) വഴി പണം അയച്ചു. ഈ പണമിടപാടാണ് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കാൻ പൊലീസിനെ സഹായിച്ചത്.
No comments
Post a Comment