കാലുകൾ കൊണ്ട് ചിത്രവിസ്മയം തീർത്ത് കണ്ണാടിപ്പറമ്പിലെ അനജ് ; അഭിനന്ദനവുമായി നടൻ ആസിഫ് അലി
കണ്ണാടിപ്പറമ്പ് :- കാലു കൊണ്ട് പടം വരച്ച് വിസ്മയം തീർക്കുന്ന കണ്ണാടിപ്പറമ്പ് സ്വദേശി അനജിന് നടൻ ആസിഫ് അലി അഭിനന്ദനം. മാസങ്ങൾക്ക് മുമ്പ് ആസിഫലിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'തലവൻ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കണ്ണൂരിൽ വെച്ചു നടന്ന പരിപാടിയിൽ അനജ് ആസിഫലിയുടെ പടം വരച്ച് ശ്രദ്ധനേടിയിരുന്നു. എന്നാൽ പരിപാടിക്ക് എത്തിയ ജനക്കൂട്ടം വരച്ച പടത്തിനു മുകളിൽ കയറി അലങ്കോലമാക്കി.
ഈ സംഭവം ആസിഫലിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'രേഖാചിത്ര'ത്തിന്റെ പ്രൊമോഷന്റെറെ ഭാഗമായി വീണ്ടും കാലു കൊണ്ട് പടം വരയ്ക്കുവാൻ ആവശ്യപ്പെടുകയും ചെയ്‌തു. പ്രസ്തുത പരിപാടിയിൽ വെച്ച് ആസിഫലി പടം കണ്ട ശേഷം അനജിനെ അഭിനന്ദിച്ചു. അനജിന് നല്ല പിന്തുണ നൽകണമെന്നും, മറ്റുള്ളവരെല്ലാം കൈ കൊണ്ട് വരയ്ക്കുവാൻ പാടുപെടുമ്പോൾ അനജ് കാലു കൊണ്ട് വരച്ച് വിസ്മയിപ്പിക്കുകയാണെന്നും ആസിഫലി പറഞ്ഞു.
അനജ് മുമ്പും നിരവധി പ്രമുഖരുടെ പടം കാലു കൊണ്ട് വരച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാത്രമല്ല, ലോകാത്ഭുതങ്ങൾ വരച്ച് വേൾഡ് റെക്കോർഡും, ഇന്ത്യ, അമേരിക്കൻ റെക്കോർഡും കരസ്ഥമാക്കിയ അനജ് നിരവധി ടെലിവിഷൻ ഷോകളിലും മറ്റും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. പെൻസിൽ ഡ്രോയിങ്, മ്യൂറൽ പെയിന്റിങ് എന്നിവയിലും ഇതിനകം അനജ് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.
No comments
Post a Comment