കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജനുവരി അഞ്ച് മുതൽ വിസ നിയമ ലംഘനങ്ങൾക്ക് പുതിയ പിഴകൾ ഏർപ്പെടുത്തും. താമസ നിയമലംഘകർക്കും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർക്കും കനത്ത പിഴ ഏർപ്പെടുത്തുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
സന്ദർശക വിസയിലെത്തി താമസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നാൽ പ്രതിദിനം 10 ദിനാർ ഈടാക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റസിഡൻസി കാലാവധി കഴിഞ്ഞവർക്കും രാജ്യം വിടാതെ തുടരുന്നവർക്കും പുതിയ പിഴ ബാധകമാണ്. നേരത്തേ ഉണ്ടായിരുന്ന പരമാവധി പിഴയായ 600 ദിനാറിൽ നിന്ന് ഗണ്യമായ വർധന പുതിയ പിഴകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുക്കിയ പിഴ പ്രകാരം നിയമം ലംഘിച്ച റസിഡൻസി ഉടമകൾക്ക് പരമാവധി 1200 ദിനാറും സന്ദർശകർക്ക് 2,000 ദിനാറും പിഴ ചുമത്തും. റസിഡൻസി ചട്ടങ്ങൾ മികച്ച രീതിയിൽ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിവിധ വിഭാഗങ്ങളിലെ ലംഘനങ്ങൾ പരിഹരിക്കാനുമാണ് പുതുക്കിയ പിഴകൾ നടപ്പാക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
No comments
Post a Comment