കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നത്; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.
ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.
വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ രാജസേനൻ ആദ്യം പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്
No comments
Post a Comment