ഒരു രൂപയ്ക്ക് ഷൂ, ഇരച്ചുകയറി യുവാക്കൾ; ഉദ്ഘാടനദിവസം തന്നെ കേസിൽപ്പെട്ട് കടയുടമകൾ
കടയുടെ ഉദ്ഘാടനദിവസം ഒരു രൂപയ്ക്ക് ഷൂ നൽകുമെന്ന പരസ്യംകണ്ട് പുലർച്ചെ മുതൽ കണ്ണൂരിലെ തായത്തെരു റോഡിലെ കടയ്ക്ക മുൻപിൽ എത്തിയത് നൂറുകണക്കിനു യുവാക്കൾ. റോഡ് ബ്ലോക്കായതോടെ പൊലീസ് ഇടപെട്ടു. ഉച്ചയ്ക്ക് 12 മുതൽ 3 വരെ ഒരു രൂപയുടെ നോട്ടുമായി ആദ്യമെത്തുന്ന 75പേർക്ക് ഷൂ നൽകുമെന്നാണ് വ്ലോഗർമാർ പങ്കുവച്ച വിഡിയോയിലെ വാഗ്‌ദാനം. സമീപജില്ലകളിൽ നിന്നുൾപ്പെടെ ആളുകളെത്തി.
ആദ്യമെത്തിയവർ വരിനിന്ന് ക്ഷമയോടെ കാത്തിരുന്നു. പതിനൊന്നരയോടെ തിരക്ക് നിയന്ത്രണാതീതമായി. പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു. ആളുകൾ ഒന്നിച്ചുകയറിയതോടെ ഇരുമ്പുഗോവണിയുടെ ഒരുഭാഗം പൊട്ടി. പൊലീസ് ലാത്തി വീശിയോടിക്കാൻ തുടങ്ങി. സമ്മാനപദ്ധതി നിർത്തിവയ്പ്‌പിച്ച് തൽക്കാലം കട അടപ്പിച്ചു.
ഉദ്ഘാടനവും അലമ്പായി, ആർക്കും ഷൂ കിട്ടിയതുമില്ല. താമരശ്ശേരി സ്വദേശികളായ കടയുടമകളെ ടൗൺസ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഗതാഗത തടസമുണ്ടാക്കിയതിനു ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു.
എന്നിട്ടും ചിലർ അഥവാ ഷൂ കൊടുക്കുന്നുണ്ടെങ്കിലോ എന്നുകരുതി പരിസരപ്രദേശത്തെല്ലാം കറങ്ങി നടക്കുന്നുണ്ടായിരുന്നു.
No comments
Post a Comment